മുസ്ലിം ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ അസൂയ പൂണ്ടിട്ടുള്ളവരുടെ തലപ്പത്ത് സുകുമാർ അഴീക്കോട് എത്തിയിരിക്കുന്നു. മുസ്ലിം ലീഗിന്ന് ഈ വകുപ്പ് നൽകിയത് എന്തോ മഹാപാതകമായിപ്പോയി എന്നാണ് മാഷ് ആദ്യം തട്ടിവിട്ടത്. അത് ക്ലച്ച് പിടിക്കുന്നില്ല എന്നു കണ്ടപ്പോൾ പുതിയ ചില വാദങ്ങളുമായി വീണ്ടും രംഗ പ്രവേശം ചെയ്തീരിക്കുന്നു. പറയുന്നതെല്ലാം ബോധപൂർവം തന്നെയാണോ എന്ന കാര്യത്തിൽ സംശയം ജനിപ്പിക്കും വിധമാണ് ഓരോ പ്രസ്താവനകളും. ഇതിലൊന്നും കേരള ജനതയോടുള്ള ഗുണകാംക്ഷയല്ല ഉള്ളത്. സത്യത്തിന്റെ കണിക പോലും അതിലൊന്നും ഇല്ല താനും.
മന്ത്രിമാരായി പരിചയം ഉള്ളവരാണ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യേണ്ടത് എന്നാണ് മാഷിന്റെ പുതിയ കണ്ടു പിടുത്തം. അബ്ദുർ റബ്ബിനു അതില്ലത്രെ. ഒരു എം എൽ എ പോലും ആയി പരിചയമില്ലാത്ത ഒരാൾ കഴിഞ്ഞ് മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രി ആയി വകുപ്പ് കുളമാക്കിയ പ്പോൾ എവിടെയായിരുന്നു ഈ കരിനാക്ക്? ആ മന്ത്രി ഒരു മുസ്ലിം അല്ലായിരുന്നു, പ്രത്യേകിച്ച് ലീഗുകാരനല്ലായിരുന്നു എന്നതു കൊണ്ടു മാത്രമല്ലേ മിണ്ടാതിരുന്നത്? പേരിന്റെ പിന്നിൽ വലിയ ഡിഗ്രികളും വാലുകളും ഉള്ളവരും അതില്ലാത്ത ലീഗിന്റെ മന്ത്രിമാരും കേരളത്തിൽ വിദ്യാഭ്യാസ മന്ത്രിമാരായിണ്ട്. അവരിൽ കേരളത്തിന്റെ വിദ്യാഭ്യാസത്തിന്റെ മുഖച്ചായ മാറ്റിയവർ ആരാണെന്ന വിഷയത്തിൽ ഒരു തുറന്ന സംവാദത്തിനു മാഷ് തയ്യാറുണ്ടെങ്കിൽ ഞങ്ങളുടെ വാർഡ് എം എസ് എഫിന്റെ ഭാരവാഹികൾ മതിയാകും അതിന്നു.
രണ്ടു മുസ്ലിം ലീഗുകൾ തമ്മിൽ 1984 ൽ ലയിച്ചപ്പോളും ഈ മാന്യൻ പ്രതികരിച്ചിരുന്നു. ആരും പ്രതികരണം ആരാഞ്ഞിട്ടല്ല പ്രതികരിച്ചത്. രണ്ടു ലീഗുകൾ ലയിച്ചതിൽ എനിക്ക് ഒട്ടും സന്തോഷമില്ല, ഇന്ത്യയും പാകിസ്താനും തമ്മിൽ ലയിക്കുകയാണെങ്കിൽ അതിലാണ് എനിക്കു സന്തോഷം. ഇതായിരുന്നു ആ പ്രതികരണം. അവസരത്തിലും അനവസരത്തിലും ഇയാൾ മുസ്ലിം ലീഗിനെ ഭൽസിക്കുന്നതിന്നു പിന്നിൽ ഒരു സത്യമുണ്ട്.
കോഴിക്കോട് സർവകലാശാല അതിന്റെ വളർച്ചയുടെ പടവുകൾ കയറുന്ന കാലത്ത് മാഷ് അവിടെ ഒരു മലയാളം വാദ്ധ്യാരും മലയാള വിഭാഗം തലവനും പിന്നീട് പ്രൊ വൈസ് ചാൻസലറുമായിരുന്നു. അന്ന് സർവകലാശാലയിൽ ഒഴിവു വന്ന വൈസ് ചാൻസിലർ പദവി തനിക്കു കിട്ടുമെന്നു കരുതി മാഷും നടന്നിരുന്നു. കോഴിക്കോട് സർവകലാശാലയുടെ തലപ്പത്ത് ഇരിക്കേണ്ടത് ഒരു “വാടക പ്രസംഗകനല്ല” മറിച്ച് ഒരു വിദ്യാഭ്യാസ വിചക്ഷണനാണ് എന്ന് തിരിച്ചറിഞ്ഞത് സി എച് എന്ന മഹാമനുഷ്യനായിരുന്നു. അദ്ദേഹം ശക്തനായ ഒരു വൈസ് ചാൻസലറെ നിയമിച്ചു. മാഷ് ഇതിൽ പ്രതിഷേധിച്ചു പ്രൊ വൈസ് ചാൻസലർ സ്ഥാനം രാജിവച്ചു. ഒരു പൂച്ചക്കുട്ടി പോലും പ്രതികരിച്ചില്ല.
ആ പക ഇന്നും മനസ്സിൽ പേറി നടക്കുകയും, മൂർച്ഛിച്ച് വർഗ്ഗീയതയിലേക്കു പോകുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. മാഷിനെ ഒരു സ്ഥാപനത്തിന്റെ തലപ്പത്ത് ഇരുത്തിയാൽ ആ സ്ഥാപനം നശിക്കുകയല്ലാതെ ഗുണം പിടിക്കില്ല എന്ന സി എച്ചിന്റെ ദീർഘവീക്ഷണം എത്ര മാത്രം ശരിയായിരുന്നു എന്ന് പിന്നീട് കാലം തെളിയിച്ചിട്ടൂണ്ട്. മാഷ് തലപ്പത്തിരുന്നു വിജയിപ്പിച്ച ഒരു സ്ഥാപനമോ പ്രസ്ഥാനന്മോ കേരളത്തിൽ ഉണ്ടോ? മഷിന്റെ വചാടോപം കേട്ട് ചിലർ അദ്ദേഹത്തെ ഒരു മലയാള പത്രത്തിന്റെ മുഖ്യ പത്രാധിപരാക്കിയത് അവസാനത്തെ ഉദാഹരണം മാത്രം.
ഒരു ഡ്രൈവറും ഒരു കാറും എന്ന ലോകത്തിനപ്പുറത്ത് മനുഷ്യരുമായി ബന്ധമുള്ളവരാണ് കേരളത്തിലെ മുഴുവൻ രാഷ്ട്രീയ പ്രവർത്തകരും.ഓരോ തെരഞ്ഞെടുപ്പു വേളകളിലും അവർ സ്ക്രീൻ ചെയ്യപ്പെടുന്നുണ്ട്. മാഷിനെ പോലെയുള്ളവരുടെ കടിച്ചു കീറലുകൾക്ക് അവർ നിന്നു തരുന്നുണ്ട്. അവരുടെ പരിചയ്ത്തിന്റെയും ജനസമ്പർക്കത്തിന്റെയും ഏഴയലത്തു പോലും എത്തുകയില്ല നിങ്ങളുടെ ഡോക്ടറേറ്റും വാചാലതയും. അത്തരം ഒരു അവസ്ഥ ഉണ്ടാകുന്നതിന്നു മുമ്പ് കോടതിയിൽ കേസു കൊടുത്ത് മാന്യനാകാൻ നോക്കുകയല്ലാതെ ശക്തമായി ഒന്നു നേരിടാൻ പോലും നിങ്ങൾക്കാർക്കും സാധിക്കില്ല.
അതുകൊണ്ട് തന്റേതായ ന്യൂനത കൊണ്ട് നഷ്ടപ്പെട്ട കാര്യങ്ങൾ തിരിച്ചറിഞ്ഞു മാന്യത കളയാതിരിക്കുക. കുറച്ചു കാലം കൂടി പ്രസംഗിച്ചു നടക്കേണ്ടേ? പറയാൻ ആഗ്രഹിച്ചിട്ടല്ല, പറയിച്ചതു കോണ്ട് പറഞ്ഞു പോയതാണ്. അളയിലിട്ടു കുത്തിയാൽ ചേരയും കടിക്കും എന്നത് അറിയാൻ മലയാളത്തിൽ ഡൊക്ടറേറ്റ് ഒന്നും വേണ്ട, തത്വമസിയൊന്നും വായിക്കേണ്ട. രണ്ടാം ക്ലാസ്സിൽ മലയാളം കോപ്പി എഴുതിയാൽ മതി.
അഹമ്മദ് കുട്ടി വി പി - അജ്മാൻ
(ചന്ദ്രികയുടെ ജനശബ്ദം കോളത്തിൽ 27/6/2011 നു പ്രസിദ്ധീകരിച്ചു.)
